Saturday, March 1, 2014

ചേർത്തലക്കാർ ബുദ്ധിമാന്മാർ ...എന്തുകൊണ്ടെന്നാൽ ...

ഇന്ത്യയിലെ ഏറ്റവും ബുദ്ധിയുള്ളവർ ചേർത്തലക്കാർ ആണെന്ന് പറയുന്നതിന് പിന്നിൽ ഒരു കഥ ഉണ്ട് . പണ്ട് പണ്ട് , വളരെ പണ്ട് നരഭോജിയായ ഒരു അന്യഗ്രഹ രാക്ഷസൻ വേഷം മാറി ഭൂമിയിൽ എത്തി. വേമ്പനാട് കായൽ നീന്തി വയലാർ നാഗംകുളങ്ങര കടവ് വഴി കരയ്ക്ക്‌ കയറി മനുഷ്യ വേഷം ധരിച്ചു. ഒരു വൃശ്ചികമാസത്തിലാണ് സംഭവം. 
മനുഷ്യനെ തിന്നാൻ വേണ്ടി കെ ആർ ജങ്ക്ഷന് സമീപമുള്ള മാമ്മന്റെ ചായക്കടയിൽ ഭൂതം കയറി. അവിടെ ഇരുന്ന ആൾ ചായ ഊതി കുടിക്കുന്നു. എന്തിനാണ് ഊതുന്നത്‌ എന്ന് ഭൂതം ചോദിച്ചു . `തണുപ്പിക്കാൻ` വേണ്ടിയാണെന്ന് മറുപടി കിട്ടി. ചായക്കടയിൽ നിന്നും ഭൂതം പുറത്തേക്കു നോക്കിയപ്പോൾ ഒരാൾ തീ കായുന്നു. ഇടയ്ക്കു കൈപത്തികൾ തമ്മിൽ ഉരസി, കൈകൾക്കിടയിലേക്ക് ഊതുന്നു, അയാൾ എന്തിനാണ് ഊതുന്നത്‌ എന്ന് ചായകുടിക്കുന്ന ആളോട് ഭൂതം ചോദിച്ചു . ഊതി `ചൂടാക്കുകയാണ് ` എന്ന് മറുപടി ലഭിച്ചു. ഇത് കേട്ട ഭൂതം ഞെട്ടി . ചൂടാക്കാനും തണുപ്പിക്കാനും ഊതുന്നത്‌ എന്തിനാണ് എന്ന് വീണ്ടും ചോദിച്ചു ,ചായക്കുടിക്കുന്ന ആൾ പരിഹാസ ചിരിയോടെ `ഊതല്ലേ ` എന്ന് ഭൂതത്തോട് പറഞ്ഞു . ആ വാക്കിന്റെ അർഥം എന്താണെന്നു ഭൂതത്തിന് മനസിലായില്ല. ചേർത്തലയിൽ ഊതല്ലേ എന്ന് പറഞ്ഞാൽ `കളിയാക്കല്ലേ ` എന്ന് കൂടി അർത്ഥമുണ്ടെന്നു മനസിലായതോടെ ഭൂതത്തിന് പേടി ആയി .

ഒരു വാക്ക് തന്നെ പല അർത്ഥത്തിൽ പ്രയോഗിക്കുന്ന ചേർത്തലക്കാരെ പിടിച്ചു തിന്നുന്നത് ശരിയല്ല എന്ന് തോന്നി. ഇന്ത്യയിലെ ഏറ്റവും ബുദ്ധിമാന്മാർ ഉള്ള സ്ഥലമായി ചേർത്തല അറിയപ്പെടും എന്ന് അനുഗ്രഹിച്ചു .
പിന്നീടു മനുഷ്യനെ തിന്നുന്നത് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു സ്വന്തം ഗ്രഹത്തിലേക്ക്‌ തിരികെ പോയി.

No comments: