Saturday, March 1, 2014

പൊയ്പോയ എഴുത്തുപെട്ടി

ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന കാലം . കൂട്ടുകാർ എന്റെ വീട്ടിൽ വരാൻ പ്ലാൻ ചെയ്തു . വഴി ചോദിച്ചപ്പോൾ, വയലാർ രക്തസാക്ഷി മണ്ഡപത്തിന് അടുത്ത് വന്നു എന്റെ വീട് ചോദിച്ചാൽ മതി എന്ന് ഞാൻ കാച്ചി . അതെന്താ നീ വയലാറിൽ പ്രസിദ്ധൻ ആണോ എന്ന് കൂട്ടുകാരൻ. വയലാര് രാമ വരമ , വയലാർ രവി കഴിഞ്ഞാൽ മൂനാമത്തെ പ്രസിദ്ധൻ ഞാൻ ആണ് എന്ന് അടുത്ത അടി കൊടുത്തു. മഹാത്മാ ഗാന്ധി , ഇന്ത്യ എന്നും ഇ എം എസ് ,കേരളം എന്ന് മാത്രം കത്തയച്ചാൽ അവർക്ക് കിട്ടുന്നപോലെ ധനസുമോദ് , വയലാർ എന്ന് കത്തെഴുതിയാൽ എന്റെ വീട്ടിൽ കത്ത് എത്തുമെന്ന് ചുമ്മാ പുളു അടിച്ചു.

എങ്കിൽ ഒന്ന് അയച്ചു നോക്കണം എന്ന് ഒരുത്തൻ . കത്ത് മേൽവിലാസകാരനെ കണ്ടെത്താതെ തിരിച്ചു വന്നാൽ ചക്രൻ ചേട്ടന്റെ ഷാപ്പിൽ കൊണ്ട് പോയി ചെലവു നടത്തണം എന്ന് ബെറ്റു വയ്ക്കണം എന്നായി. ഗത്യന്തരം ഇല്ലാതെ ഞാൻ സമ്മതിച്ചു. ആർക്കോ അയക്കാൻ വച്ചിരുന്ന 25 പൈസ യുടെ പോസ്റ്റ്‌ കാർഡ് ഒരുത്തൻ ഉടൻ തന്നെ എവിടുന്നോ സംഘടിപ്പിച്ചു. എന്നെ കുറിച്ച് നല്ലത് മാത്രമേ എഴുതാവു എന്ന വ്യവസ്ഥ അവർ അംഗീകരിച്ചു. കാർഡിൽ നല്ല കൈഅക്ഷരത്തിൽ ഒരാൾ എഴുതി തുടങ്ങി ` ധനസുമോദ് കോളേജിലെ ഏറ്റവും മിടുക്കനായ വിദ്യാർഥി ആണ് . ഞങ്ങൾക്ക് റാങ്കു പ്രതീക്ഷ ഉണ്ട് .കോളേജിന്റെ അഭിമാനം ആണ് ` എന്റെ ഹൃദയം നിറഞ്ഞു പോയി. തമാശയ്ക്ക് ആണെങ്കിലും ഇവരുടെ മനസ്സിൽ ഇതൊക്കെ ആണല്ലോ എന്ന് ഓർത്തു സന്തോഷം തിര തല്ലി. ഫ്രം അഡ്രസ് എഴുതിയപ്പോൾ തിര തല്ലിയത് സുനാമി ആയി മാറി . ഫ്രം എന്താണെന്നോ ഡയറക്ടർ (പ്രിൻസിപ്പൽ ) ന്റെ പേരിലാണ് കത്ത്. ടു `ധനസുമോദ് ,വയലാർ .

ഈ പോസ്റ്റ്‌ എനിക്ക് കിട്ടാതെ കറങ്ങി തിരിഞ്ഞു പ്രിന്സി പാളിന്റെ അടുത്ത് എത്തുന്നത്‌ ഓർത്തപ്പോൾ കിടുങ്ങി പോയി. ക്ലാസ്സ്‌ വിട്ടു പോകുന്ന വഴി എല്ലാവരും കൂടി കോളേജിന്റെ അടുത്ത പോസ്റ്റ്‌ ബോക്സിൽ കാർഡ്‌ നിക്ഷേപിച്ചു. വൈകിട്ട് ആരും കാണാതെ എഴുത്ത് എടുക്കാൻ നോക്കിയെങ്കിലും നടന്നില്ല. രാത്രി പോസ്റ്റ്‌ ബോക്സ്‌ മോഷ്ടിച്ചാലോ എന്ന് പോലും തോന്നി. പേടി കൊണ്ട് എല്ലാം ശ്രമവും ഉപേക്ഷിച്ചു .

അടുത്ത ദിവസം രാവിലെ തന്നെ വയലാർ നാഗം കുളങ്ങര കവലയിലെ വയലാർ പോസ്റ്റ്‌ ഓഫിസിലേക്കു പുറപ്പെട്ടു . പരുങ്ങി എന്റെ നില്പ്പ് കണ്ടതും തല ഉയർത്തി കണ്ണടക്കു കീഴിലൂടെ പോസ്റ്റ്‌ മാസ്റ്റർ നോക്കി . എന്റെ പേരിൽ ഒരു കത്ത് വരും എന്നും ധനസുമോദ് വയലാർ എന്ന് മാത്രമേ കാർഡിൽ ഉള്ളു... വീട്ടുപേരില്ല , ഇവിടെ വച്ചാൽ മതി . ഞാൻ വന്നു വാങ്ങിക്കോളാം എന്ന് ഒരുവിധത്തിൽ പറഞ്ഞു ഒപ്പിച്ചു .`നടക്കില്ല ,വീട്ടുപേരില്ല എങ്കിൽ ഞങ്ങൾ തിരിച്ചയക്കും` കടുത്ത സ്വരത്തിൽ അയാൾ പറഞ്ഞു , എന്താ പിള്ളേര് കളിക്കുള്ള സ്ഥാപനം ആണോ എന്നൊക്കെ ഉച്ചത്തിൽ ചോദ്യം മുഴങ്ങിയതോടെ പതുക്കെ അവിടെ സ്റ്റാന്റ്നി വിട്ടു. ടെൻഷൻ പെരുമ്പട കൊട്ടി തുടങ്ങി . ക്ലാസിൽ കയറാത്ത ഞാൻ റാങ്കു മേടിക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റ്‌ കാർഡ് കൈയിൽ പിടിച്ചു ദേഷ്യത്തോടെ വിറയ്ക്കുന്ന പ്രിൻസിയെ ഓർത്തപ്പോൾ എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി . നേരെ വണ്ടി കയറി കോളേജിൽ എത്തി . പോസ്റ്റ്‌ ബോക്സിൽ ഡെലിവറി സമയം നോക്കിയപ്പോൾ നേരിയ പ്രതീക്ഷ നല്കി ചുവപ്പ് പെട്ടിയിലെ വെള്ള തകിടിൽ കറുപ്പ് അക്കങ്ങൾ 14 മണി. അപ്പോൾ എനിക്ക് പണി തരാനുള്ള പോസ്റ്റ്‌ കാർഡിനെ ബോക്സ്‌ ഇതുവരെ പ്രസവിച്ചിട്ടില്ല . കൂൾ ആയി ക്ലാസിൽ ഇരിക്കുമ്പോഴും 14 മണി ആണ് എന്നെ മാടി വിളിചിരുന്നത് . ഊണ് പോലും വേണ്ടന്നു വച്ച് ഒന്നരമുതൽ ബൊക്സിനു മുന്നില് ഞാൻ തപസിരുന്നു .ഓരോ മിനിറ്റും ഓരോ മണിക്കൂർ പോലെ ആണ് തോന്നിയത് . 2. 30 ആയപ്പോൾ ഒരു ചാക്കും പിന്നിൽ വച്ച് സൈക്കിൾ ചവിട്ടി പോസ്റ്റ്‌ ബോക്സ്‌ തുറക്കാൻ ആളെത്തി .``ചേട്ടാ എന്റെ പേരിൽ പ്രിൻസിപ്പൽ വീട്ടിലേക്കു എഴുതിയ കത്തിൽ വീട്ടുപേര് എഴുതാൻ സാർ മറന്നു .എഴുതാൻ എന്നോട് പറഞ്ഞു വിട്ടതാ``ഭയം പുറത്തു കാട്ടാതെ പറഞ്ഞു . ആ പോസ്റ്റ്‌ കാർഡ് തരു ഞാൻ വീട്ടുപേര് എഴുതി തരാം . ബോക്സ്‌ തുറന്നു പാവം ചേട്ടൻ വിവാദം ആയേക്കാവുന്ന കാർഡ്‌ എനിക്ക് തന്നു . ധനസുമോദിനും വയലാറിനും നടുവിലായി വേലിക്കകത്ത് എന്ന എന്റെ വീട്ടുപേർ എഴുതി ചേർത്ത് പുള്ളിക്ക് കത്ത് തിരികെ നല്കി.

വേറെ ഏതെങ്കിലും കുട്ടികൾക്കുള്ള കത്ത് ആണ് എന്ന് കരുതി അമ്മ കോളെജിലേക്ക് വിളിച്ചാലോ എന്ന് കരുതി പോസ്റ്റ്‌ മാൻ വരുമ്പോൾ കാർഡ്‌ വാങ്ങി വയ്ക്കണം എന്ന് വീടിനു അടുത്ത കടയിൽ ഏല്പിച്ചു . എന്റെ തിരക്കഥ പോലെ എല്ലാം സംഭവിച്ചു . രണ്ടു ദിവസം കഴിഞ്ഞു കത്തുമായി ഞാൻ കോളേജിൽ എത്തി . വീട്ടുപേര് പോസ്റ്റ്‌ മാസ്റ്റർ എഴുതിയതാണ് എന്ന് പറഞ്ഞത് സംശയതോടെ ആണെങ്കിലും കൂട്ടുകാർ വിശ്വസിച്ചു. അവരുടെ മുന്നിൽ മറ്റു മാർഗം ഉണ്ടായിരുന്നില്ല .

നാട്ടിൽ പോയപ്പോൾ എന്റെ അഭിമാനം രക്ഷിച്ച പോസ്റ്റ്‌ ബോക്സ്‌ നിന്നിരുന്ന വഴിയിലൂടെ പോയി. എഴുത്ത് ഇടാൻ ആരും ഇല്ലാത്തതു കൊണ്ടായിരിക്കും എപ്പോഴും വാ തുറന്നു നില്ക്കുന്ന ആ പെട്ടി ഡിപാർട്ട്‌ മെന്റ് അവിടെ നിന്നും എടുത്തു മാറ്റിയിരുന്നു . അതൊരു വലിയ ശൂന്യതയായി തോന്നി. കാര്യം എന്റെ ഭൂതകാലത്തിന്റെ ഒരു കഷ്ണം കൂടിയാണ് അവിടെ നിന്നും അടർന്നു പോയത്

1 comment:

priyankapriyatharam said...

വായതുറന്നും വയറുവിശന്നും കാത്തുനിൽക്കുന്ന ഒത്തിരി തപാൽ പെട്ടികൾ ഇന്ന് നാട്ടിൽ ഉണ്ട്. ഈ അനുഭവം വളരെ നന്നായിരിക്കുന്നു...